9.1.11

വിചിത്രവാദങ്ങള്‍

   എന്നാല്‍; ഖുര്‍ആന്‍ വിരോധികളില്‍ ചിലര്‍ തെറ്റായ ഉദാഹരണങ്ങളുപയോഗിച്ചു കൊണ്ട് ഖുര്‍ആനില്‍ അഭ്യന്തരവൈരുധ്യങ്ങള്‍ കണ്ടെത്താനുള്ള വിഫലമായ ചിലശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
  ‘വിശുദ്ധഖുര്‍ആന്‍ 4ആം അധ്യായത്തിലെ പ്രഥമവചനവും നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗവും മനുഷ്യകുലത്തിന്റെ ഏകത്വവും സാമൂഹികസമത്വവും ഉദ്ഘോഷിക്കുന്നുണ്ട്. ഈ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ പുരുഷന് തുല്യമായ സ്ഥാനം സ്ത്രീക്കും ലഭിക്കേണ്ടതാണ്. പക്ഷെ, പ്രായോഗികരംഗത്തു ഇസ്ലാമില്‍ സ്ത്രീപുരുഷ സമത്വമില്ല. ഒരിടത്ത്‌ മാനവികസമത്വം ഉദ്ഘോഷിക്കുന്ന ഖുര്‍ആന്‍ തന്നെ, മറ്റൊരിടത്ത് പുരുഷനേക്കാള്‍ താഴ്ന്ന പദവിയാണ് സ്ത്രീക്ക് നല്‍കുന്നത്. എന്നിങ്ങനെ ഖുര്‍ആന്‍വിമര്‍ശകര്‍ ആരോപണം ഉന്നയിക്കുകയുണ്ടായി.
  യദാര്‍ത്ഥത്തില്‍ ഇത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. രണ്ടു സ്ത്രീകളുടെ സാക്‍ഷ്യം ഒരു പുരുഷന്റെസാക്‍ഷ്യത്വത്തിനു സമമായി അംഗീകരിക്കപ്പെടുന്നുവെന്നത് ശരിയാണ്.പക്ഷെ, അതിന്റെ ആധാരം ലൈംഗികവ്യത്യാസമല്ല; മറ്റൊന്നാണ്.ഒരു പുരുഷന്റെ സാക്‍ഷ്യത്വത്തിനു തുല്യമായി രണ്ട സ്ത്രീകളുടെ സാക്‍ഷ്യം വേണമെന്ന് നിര്‍ദ്ദേശിച്ച ഖുര്‍ആന്‍വചനത്തില്‍ തന്നെ അതിന്റെ കാരണവും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
  “നിങ്ങളില്‍ രണ്ടുപുരുഷന്മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്മായില്ലെന്കില്‍ നിങ്ങളിഷ്ടപ്പെടുന്ന സാക്ഷികളില്‍നിന്നു ഒരു പുരുഷനും രണ്ട്സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി.”(വി.ഖു:2:282)
   ഇവിടെ പരിഗണിക്കപ്പെട്ടത് ലൈംഗിക വ്യത്യാസമല്ല; ഓര്‍മ്മശക്തിയാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഓര്‍മ്മശക്തി കുറവായിരിക്കുമെന്ന ജൈവശാസ്ത്രയാഥാര്‍ത്ഥ്യത്തിലേക്കാണ് ഖുര്‍ആന്‍ ഇവിടെ വിരല്‍ ചൂണ്ടിയിരിക്കുന്നത്. ഒരാള്‍ക്ക്‌ പറ്റുന്ന ഓര്‍മ്മതെറ്റ്‌ മറ്റൊരാള്‍ക്ക് തിരുത്താന്‍ സാധിക്കുംവിധം, സ്ത്രീകളാണെങ്കില്‍ ഒരാണിന്റെ സ്ഥാനത്ത്‌ രണ്ടുസ്ത്രീകള്‍ വേണമെന്ന് ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
  പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് ഓര്‍മ്മശക്തി കുറവാണെന്ന് ആധുനിക ഗവേഷണങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ട്. റഷ്യയില്‍ ഈ വിഷയത്തില്‍ വളരെ വ്യവസ്ഥാപിതമായ ഗവേഷണം തന്നെ നടന്നിട്ടുണ്ട്. ഗ്രന്ഥരൂപത്തില്‍ പ്രസിദ്ദീകരിക്കപ്പെട്ട പ്രസ്തുത പഠനങ്ങളുടെ സംഗ്രഹം വിവിധ പത്രങ്ങള്‍ പ്രസിദ്ദീകരിച്ചിരുന്നു. ഉദാഹരണത്തിന് ടൈംസ്ഓഫ്ഇന്ത്യയുടെ റിപ്പോര്‍ട്ട് കാണുക.
  “സ്ത്രീകളെ അപേക്ഷിച്ച്, ഗണിതശാസ്ത്രവിവരങ്ങള്‍ ഓര്‍മിക്കാനുംഅത് വിധാനിക്കാനും പുരുഷനുകൂടുതല്‍ കഴിവുകളുണ്ട്. എന്നാല്‍ സംസാരിക്കാന്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ കഴിവ്. ഒരു റഷ്യന്‍ ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തിയ വിവരങ്ങളാണ് ഇത്. പുരുഷന്‍ ഗണിതശാസ്ത്ര വിഷയങ്ങളില്‍ നിരതനാണെന്നും അതിനു കാരണം അവനില്‍ നിലീനമായ ഓര്‍മ്മശക്തിയുടെ ഗുണമാണെന്നും ഡോ : വ്ളാഡ്മീര്‍ കോനോവലോവ്, ടാസ് ന്യൂസ്ഏജന്‍സിയോട്‌ പറയുകയുണ്ടായി.”(Timsofindia(NewDelhi-1985jan:18)
  പുരുഷനെ അപേക്ഷിച്ചുസ്ത്രീക്ക് ഓര്‍മ്മശക്തി കുറവാണ് എന്നത് ഒരു ജൈവശാസ്ത്ര സത്യമാണെങ്കില്‍ പിന്നെ, ഒരു പുരുഷന്റെ സ്ഥാനത്ത്‌ രണ്ട് സ്ത്രീകളെ സാക്ഷിയാക്കുകയാണ് വേണ്ടത്‌.
  ഖുര്‍ആനിന്റെ ഈ തത്വം അഖിലസത്യങ്ങളെകുറിച്ചും  സമഗ്രമായ അറിവുള്ള ഒരസ്തിത്വത്തിന്റെ വചനമാണ് ഖുര്‍ആന്‍ എന്നതിന്റെ വ്യക്തമായ സാക്‍ഷ്യമാകുന്നു. അല്ലാതെ പരസ്പര വൈരുദ്ധ്യത്തിന്റെ സാക്‍ഷ്യമല്ല.

0 comments: