ഒരു ഗ്രന്ഥത്തില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ ബാഹ്യലോകത്തെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാതിരിക്കുകയെന്നത് മുഴുവന്‍ മനുഷ്യരചനകളുടെയും പൊതുവായ ന്യൂനതയാണ്. മനുഷ്യന് പരിമിതമായ അറിവേയുള്ളൂ. തന്റെപരിമിതജ്ഞാനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് അവന്‍ സംസാരിക്കുക. അതിനാല്‍ അവന്റെ നാവിലൂടെയും തൂലികയിലൂടെയും പുറത്തുവരുന്ന പ്രസ്താവങ്ങള്‍ പലപ്പോഴും ബാഹ്യലോകത്തെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുകയില്ല. ചില ഉദാഹരണങ്ങള്‍ പറയാം.
പ്രകൃതിനിയമം
പുരാതന അറബ് ലോകത്ത് പട്ടിണിഭയന്ന് മക്കളെ കൊന്നുകളയുന്ന ദുസ്സമ്പ്രദായമുണ്ടായിരുന്നു. അതിനെ വിമര്‍ശിച്ചു കൊണ്ട് വിശുദ്ധഖുര്‍ആന്‍ പറയുന്നു:
“ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് ഭീമമായ അപരാധമാകുന്നു.”(വി.ഖു:17:31)
ഭാവിയില്‍ ജനസംഖ്യാവര്‍ദ്ധനവ് മൂലം ഭൂമിയില്‍ ഭക്‍ഷ്യവിഭവങ്ങള്‍ കുറയുകയില്ലെന്നും ഇന്നത്തെ പോലെ തന്നെ നാളെയും എല്ലാവര്‍ക്കും ഭക്‍ഷ്യവിഭവങ്ങള്‍ ലഭിക്കുമെന്നും അതിനെ കുറിച്ച് ആരും ആശങ്കാകുലരാവേണ്ടതില്ലെന്നുമുള്ള ഒരു പ്രസ്താവനയായിരുന്നു ഒരര്‍ത്ഥത്തില്‍ ഇത്.
മുസ്‌ലിംകള്‍ എക്കാലത്തും ഈ ഖുര്‍ആനികപ്രഖ്യാപനത്തിന്‍റെ സത്യത അംഗീകരിച്ചു പോന്നിട്ടുണ്ട്. അത് കൊണ്ടാണ് ഇന്ന് ‘സന്താന നിയന്ത്രണ’മെന്നറിയപ്പെടുന്ന ചിന്താകതിക്ക് മുസ്ലിംകളില്‍ പ്രചാരം സിദ്ധിക്കാത്തത്.
ഈ ഖുര്‍ആനിക പ്രഖ്യാപനത്തിന്‍റെ ഒരായിരം വര്‍ഷങ്ങള്‍ക്കുശേഷം ‘റോബര്‍ട്ട് മാല്ത്തോസ്’ എന്ന ആംഗല സാമ്പത്തിക ശാസ്ത്രജ്ഞന്‍ (1766-1834). 1798ല്‍ ‘ജനസംഖ്യാതത്വ’ത്തില്‍ അദ്ദേഹം തന്റെ വിഖ്യാതകൃതി പ്രസിദ്ധീകരിച്ചു.
“An essay on the principle of population as it effects the future improvement of Society” എന്നാണ് അതിന്റെ മുഴുവന്‍ പേര്. പ്രസ്തുത കൃതിയില്‍ അദ്ദേഹം സമര്‍പ്പിക്കുന്ന തത്വത്തിന്റെ ചുരുക്കം ഇതാണ്:
“ജനസംഖ്യ അനിയന്ത്രിതമായി വിട്ടാല്‍ അത് ക്ഷേത്രഗണിതപ്രകാരം (Geometrical Ratio) വളരും. ഭക്‍ഷ്യവിഭവങ്ങളാകട്ടെ അങ്കഗണിതപ്രകാരമാണ്(Arithmetical Ratio)വളരുക.
ജനസംഖ്യാ തോത് 1-2-4-8-16-32-64 എന്നിങ്ങനെ വളരുമ്പോള്‍ ഭക്‍ഷ്യവിഭവങ്ങള്‍ 1-2-3-4-5-6 എന്ന തോതിലാണ് വളരുന്നത്. ജനസംഖ്യ അതിദ്രുതം വളരുമ്പോള്‍ ഭക്‍ഷ്യവിഭവങ്ങള്‍ അതിമാന്ദമായി വളരുന്നു. അത് കൊണ്ട് ഭൂമിയിലെ മനുഷ്യകുലത്തെ രക്ഷിക്കണമെങ്കില്‍ സന്താനനിയന്ത്രണമേര്‍പ്പെടുത്തണമെന്നു മാല്ത്തോസ് പ്രഖ്യാപിച്ചു.
മാല്ത്തോസിന്റെ പ്രസ്തുതകൃതി മനുഷ്യചിന്തയെ ഏറെ സ്വാധീനിക്കുകയുണ്ടായി. അയാളുടെ ദര്‍ശനത്തിനു പിന്തുണ നല്‍കിക്കൊണ്ട് നിരവധി പേര്‍ രംഗത്തുവന്നു. അങ്ങനെ ലോകത്തുടനീളം കുടുംബാസൂത്രണയത്നങ്ങള്‍ നടന്നു.
എന്നാല്‍ മാല്ത്തോസിന്റെ നിഗമനം തികച്ചും തെറ്റായിരുന്നുവെന്ന് പിന്നീട് ഗവേഷകന്മാര്‍ കണ്ടെത്തുകയുണ്ടായി.
(‘Mathus: The False Prophet” എന്ന പേരില്‍ മിസ്റ്റര്‍ ‘ഗൊയിന്‍ ഡയര്‍’(Gwynne Dyer)പ്രസിദ്ധീകരിച്ച ഗവേഷണലേഖനത്തില്‍ ഇങ്ങനെപറയുന്നു:
“മാല്ത്തോസ് മരിച്ചിട്ട് 150 വര്ഷം പിന്നിട്ടിരിക്കയാണിപ്പോള്‍.എന്നിട്ടും അയാളുടെ ഗുരുതരമായ പ്രവചനം ഇന്നേവരെ പുലര്‍ന്നിട്ടില്ല. അയാള്‍ പറഞ്ഞതു പോലെ ലോകജനസംഖ്യ ക്ഷേത്രഗണിതപ്രകാരം (Geometrical Ratio) രണ്ടും നാലും മടങ്ങുകളായി വര്‍ദ്ധിച്ചിട്ടുണ്ട്. യുദ്ധങ്ങളും അപകടങ്ങളുംമൂലം അതിലല്പംവ്യത്യാസം സംഭവിച്ചിട്ടുണ്ടെങ്കിലും. മാല്ത്തോസ് ഗ്രന്ഥരചന നടത്തുന്ന കാലത്തെയപേക്ഷിച്ച് ഇന്ന് ലോകജനസംഖ്യ ഏകദേശം എട്ടുമടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. എന്നാല്‍ ഭക്‍ഷ്യവിഭവങ്ങളും അടിവെച്ചടിവെച്ചു വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ മനുഷ്യകുലത്തിനു താരതമ്യേന ചരിത്രത്തിലെ ഏറ്റവും നല്ല ഇനം ഭക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.” (The Hindustan Times 28-Dec: 1984)
മാല്ത്തോസ് ജനിച്ചത് നാടന്‍ കൃഷിരീതി നിലവിലുള്ള കാലത്തായിരുന്നു. ഉല്പാദനരംഗത്ത് ഗണ്യമായ വര്‍ധനവു പ്രദാനം ചെയ്യുന്ന ‘ശാസ്ത്രീയ കൃഷിരീതിയെ’ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും അയാള്‍ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കാലത്തിനിടയ്ക്ക് കാര്‍ഷികരീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിരിക്കയാണ്. ഏറ്റവും അധികം വിളവുലഭിക്കുന്ന വിത്ത് ഉപയോഗിച്ചാണ് ഇന്ന് കൃഷിയിറക്കുന്നത്. കൃഷി വളര്‍ത്താനും ഉല്പാദനക്ഷമമാക്കാനും സംരക്ഷിക്കാനുമൊക്കെ കൂടുതല്‍ ശാസ്ത്രീയമായ ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കയാണ്. പണ്ട് കൃഷിയോഗ്യമാല്ലാതിരുന്ന പല സ്ഥലങ്ങളും യന്ത്രമുപയോഗിച്ച് കൃഷിയോഗ്യമാക്കപ്പെടുകയാണിന്ന്. ഇന്ന് പുരോഗമന രാജ്യങ്ങളില്‍ 90% വരെ തൊഴിലാളികളെ കുറച്ചിട്ടും ഉല്‍പാദനരംഗത്ത് പത്തിരട്ടി വര്‍ദ്ധനവ് ലഭിക്കുന്നുണ്ട്.
6 ബില്യന്‍ ജനസംഖ്യയുള്ള ഭൂമിയില്‍ 33 ബില്യന്‍ ജനങ്ങള്‍ക്കു താമസിക്കാവുന്ന ഇടമുണ്ടിവിടെ. നിലവിലുള്ളതിന്റെ എത്രയോഇരട്ടിജനങ്ങള്‍ക്ക് ആഹാരമൊരുക്കുന്നതിനുള്ള ശേഷി ഇന്ന് മൂന്നാം ലോകത്തിനുണ്ട്.മൂന്നാം ലോകരാഷ്ട്രങ്ങളിലെ ജനസംഖ്യ അനിയന്ത്രിതമായി വളര്‍ന്നാല്‍ തന്നെയും ഒരു പ്രശ്നവുമില്ലെന്നാണ് F.A.O യുടെ നിഗമനം. ജനസംഖ്യയുടെ ഒന്നര ഇരട്ടി ജനങ്ങള്‍ക്ക് കഴിക്കാവുന്ന ഭക്ഷണം തയ്യാര്‍ ചെയ്യാനുള്ള വിഭവമാധ്യമങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ അപ്പോഴും നിലനില്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കാടുകള്‍ വെട്ടിത്തെളിക്കാതെ തന്നെ ഇത് സാധിക്കും അതിനാല്‍ അന്താരാഷ്‌ട്ര തലത്തിലോ പ്രാദേശിക തലത്തിലോ ഒന്നും തന്നെ ഭക്‍ഷ്യവിഭവങ്ങളുടെ കമ്മിയെക്കുറിച്ച യാതോരാശങ്കക്കും വകയില്ല. ‘ഗൊയിന്‍ ഡയര്‍’ (Gwynne Dyer) തന്റെ പ്രബന്ധം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
“മാല്‍ത്തോസിനു തെറ്റുപറ്റിയിരുന്നു. നമ്മുടെ വരും തലമുറ ക്ഷാമത്തില്‍ പിറന്നു വീഴാന്‍ വിധിക്കപ്പെട്ടിട്ടില്ല”
“മാല്‍ത്തോസിന്റെ’ജനസംഖ്യാതത്വ’മെന്ന കൃതി സ്ഥലകാല പരിധിക്ക് വിധേയമായ മനുഷ്യധിഷണയുടെ സൃഷ്ടിയാണ് എന്നതിന്റെ തെളിവാണിത്. അതേസമയം, വിശുദ്ധഖുര്‍ആന്‍; സ്ഥലകാലരഹിതമായ അത്യുന്നതശക്തിയുടെ വചനമാണ്.മാല്‍ത്തോസിന്റെ കൃതി ബാഹ്യസത്യങ്ങളോട് പൊരുത്തപ്പെടാതെ പോയതും വി.ഖുര്‍ആന്‍ ബാഹ്യസത്യങ്ങളോട് ഏറെ പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നതും അത് കൊണ്ടാണ്.




0 comments:
Post a Comment