ജീവശാസ്ത്രരംഗം
സമകാലിക ശാസ്ത്രീയ ദൃശ്യങ്ങള്‍ പുറത്തുവരാത്ത പുരാതനകാലത്ത് ലോകത്തുടനീളം ഊഹങ്ങളായിരുന്നു നിലനിന്നിരുന്നത്.
ഗവേഷണാന്വേഷണങ്ങളില്ലാതെ ജനങ്ങള്‍ അത്ഭുതകരമായ അനുമാനങ്ങള്‍ ആവിഷ്‌കരിച്ചു കൊണ്ടിരുന്നു. ഈ അനുമാനങ്ങള്‍ അക്കാലത്തെ കൃതികളിലും സ്ഥാനം പിടിച്ചിരുന്നു. ഉദാഹരണത്തിന് അരിസ്റ്റോട്ടില്‍ (B.C.384-322) ഒരിടത്ത് ഗര്‍ഭസ്ഥശിശുവിനെപറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ഗര്‍ഭസ്ഥശിശുക്കളുടെ ആരോഗ്യം നിലനില്‍ക്കുന്നത് വായുവിനെ ആശ്രയിച്ചാണെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് നാട്ടില്‍ നിലവിലുള്ള ധാരണകള്‍കൊത്തുകൊണ്ടുള്ള ഒരു പ്രസ്ഥാവനയായിരുന്നു ഇത്. അരിസ്റ്റോട്ടിലിന്റെ പ്രസ്തുത അനുമാനത്തെ പരിഹസിച്ചുകൊണ്ട് ബര്‍ട്രാന്റ റസ്സല്‍ എഴുതി:
“വടക്കന്‍ കാറ്റടിക്കുമ്പോള്‍ ഗര്ഭംധരിച്ചാല്‍ കുഞ്ഞ്കൂടുതല്‍ ആരോഗ്യവാനായിരിക്കുമെന്നാണ് അരിസ്റ്റോട്ടില്‍ പറയുന്നത്. അപ്പോള്‍ അരിസ്റ്റോട്ടിലിന്റെ രണ്ട് ഭാര്യമാരും വീട്ടിനു വെളിയിലേക്കോടിവന്നു കാറ്റിന്റെ ഗതി എങ്ങോട്ടാണെന്ന് നോക്കിയശേഷമായിരിക്കാം കിടപ്പറയണിയുന്നത്!” (The Impact of Science on Society:p:17)
ഇതേ പൌരാണിക യുഗത്തിലവതരിച്ചതാണ് വിശുദ്ധഖുര്‍ആനും. ശാസ്ത്രത്തിന്റെ വിവിധശാഖകളോട് ബന്ധപ്പെട്ട നിരവധി പരാമര്‍ശങ്ങള്‍ അതിലുണ്ട്. പക്ഷേ,രാജ്യത്ത് പ്രചാരത്തിലുള്ള എന്തെങ്കിലും അനുമാനങ്ങളുടെ യാതൊരു പ്രതിഫലനവും അതില്‍ കണ്ടെത്തുക സാധ്യമല്ല.
ഗോളശാസ്ത്രരംഗം
‘എല്ലാം അതിന്റെ ഭ്രമണ പഥത്തില്‍ നീന്തിതുടിക്കുകയാണെന്ന്’ വിശുദ്ധഖുര്‍ആന്‍ 21-ആം അദ്ധ്യായം 33ആം വചനത്തിലും 36ആം അദ്ധ്യായം 40ആം വചനത്തിലും പറയുന്നുണ്ട്. പ്രസ്തുതസൂക്തങ്ങളെക്കുറിച്ച വിശദമായ ചര്‍ച്ചയവതരിപ്പിച്ചുകൊണ്ട് ‘ഡോ: മോറിസ്ബുകായി’ പറയുന്നത്; ഖുര്‍ആന്‍ ഇവിടെ ഉപയോഗിച്ച “ഫലക്” എന്ന പദത്തിന്റെ യഥാര്‍ത്ഥ ആശയം ‘Orbit’എന്ന് ഇംഗ്ലിഷില്‍ പറയുന്ന ‘ഭ്രമണപഥം’ തന്നെയാണ് എന്നത്രെ.അദ്ദേഹം എഴുതുന്നത് നോക്കൂ:
“ സൂര്യന്‍ ഒരുഭ്രമണപഥത്തില്‍ കറങ്ങുന്നതായി ഖുര്‍ആനികസൂക്തങ്ങളില്‍ പറയുന്നു. പക്ഷെ,ഭൂമിയുമായുള്ള ബന്ധത്തില്‍ അതിന്റെ ഭ്രമണപഥമെന്താണെന്നു ഖുര്‍ആനില്‍ സൂചനയില്ല.ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന സങ്കല്‌പം ഭൂമി നിശ്ചലമാണെന്നും ഭൂമിക്ക് ചുറ്റും സൂര്യന്‍ കറങ്ങുകയാണെന്നുമായിരുന്നു. ബി.സി.2-ആം നൂറ്റാണ്ടില്‍ ടോളമിയുടെ കാലം തൊട്ടു പ്രചരിച്ച ഭൂമിയുടെ കേന്ദ്രീയവ്യവസ്ഥ(System of Geocentrism)യാണിത്.ഇത് A.D.16-ആം ശതകത്തില്‍ കോപ്പര്‍നിക്കസിന്റെ കാലം വരെ നിലനിന്നതാണ്. മുഹമ്മദ്‌നബി(സ)യുടെ കാലത്തും ജനങ്ങള്‍ അത് അംഗീകരിച്ചു പോരുകയായിരുന്നു.പക്ഷേ,ഖുര്‍ആനില്‍ ഒരിടത്തും അത്തരമൊരനുമാനത്തിനു ഇടം ലഭിച്ചിട്ടില്ല.”
ഭ്രൂണവളര്‍ച്ച
1984ന്റെ അവസാനത്തില്‍ വിവിധ പത്രങ്ങളില്‍ അത്ഭുതകരമായ ഒരു വാര്‍ത്തയുണ്ടായിരുന്നു. കാനഡയിലെ ‘TheCitizen’ പത്രം(1984Nov:22)ആ വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട് ഇങ്ങനെയായിരുന്നു: “Ancient Holy Book 1300 Years A Head of its Time”
1984 ഡിസംബര്‍.10നു പുറത്തിറങ്ങിയ ‘ടൈംസ്ഓഫ് ഇന്ത്യ’(ന്യൂഡല്‍ഹി) ആ വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട് ഇങ്ങനെയായിരുന്നു: “Kora’n Scores Over Modern Science”
ടോറോന്‍റോ യൂണിവേര്‍സിറ്റിയിലെ പ്രൊഫസറും ഭ്രൂണശാസ്ത്ര പണ്ഡിതനുമായ ‘ഡോ: കെയ്ത്ത് മൂര്‍’ വിശുദ്ധഖുര്‍ആനിലെ ചില സൂക്തങ്ങളെ (വി.ഖു: 23:14, 39:6) ആധുനിക ശാസ്ത്രീയ ഗവേഷണങ്ങളുമായി താരതമ്യപഠനത്തിനു വിധേയമാക്കുകയുണ്ടായി. പ്രസ്തുതാവശ്യാര്‍ത്ഥം അദ്ദേഹം തന്റെ കൂട്ടുക്കാരുമൊത്ത് പലതവണ സൗദിഅറേബ്യയിലെ കിംഗ് അബ്ദുല്‍അസീസ് യൂണിവേര്‍സിറ്റി(ജിദ്ദ)സന്ദര്‍ശിക്കുകയുണ്ടായി. വിശുദ്ധഖുര്‍ആന്‍ ആധുനിക ഗവേഷണ വിജ്ഞാനങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നതായി അദ്ദേഹത്തിനു കണ്ടെത്താന്‍ കഴിഞ്ഞു. പാശ്ചാത്യലോകം ആദ്യമായി 1940ല്‍ മാത്രം കണ്ടുപിടിച്ച യാഥാര്‍ത്ഥ്യങ്ങള്‍ 13 നൂറ്റാണ്ട് പഴക്കമുള്ള ഖുര്‍ആനില്‍ എങ്ങനെയുണ്ടായി എന്നകാര്യം അദ്ദേഹത്തിനു അത്ഭുതമായി. അങ്ങനെ അദ്ദേഹം അതിനെക്കുറിച്ചെഴുതിയ കൂട്ടത്തില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു:
“13 നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖുര്‍ആനില്‍ ഭ്രൂണശാസ്ത്രത്തെക്കുറിച്ച് ഇത്ര വസ്തുനിഷ്ഠമായ വിവരണമുള്ളതിനാല്‍ ഖുര്‍ആന്‍ ദൈവത്തില്‍നിന്ന് അവതരിച്ചതാണ് എന്ന് മുസ്‌ലിംകള്‍ക്ക് ഖണ്ഡിതമായി വിശ്വസിക്കാം”




0 comments:
Post a Comment