13.1.11

ഖുര്‍ആനിന്റെ മേന്മ

    ഇതര ഭാഷകളെ അപേക്ഷിച്ച് തികച്ചും അത്ഭുതകരമായ ഒരു ഭാഷയാണ് അറബി. 500വര്‍ഷത്തിലേറെ ഒരു ഭാഷക്ക്‌ നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് ചരിത്രം പറയുന്നത്.മുന്‍കാലക്കാരുടെ സംസാരം പിന്‍കാലക്കാര്‍ക്ക് മനസ്സിലാക്കാന്‍ കടുത്ത പ്രയാസം നേരിടുന്ന തരത്തില്‍ അഞ്ഞൂറ് വര്‍ഷത്തിനകം ഭാഷകള്‍ക്ക് പരിവര്‍ത്തനം സംഭവിക്കുമെത്രെ.   അരിസ്റ്റോട്ടിലിന്റെ വാദം യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടതായിരുന്നില്ല. അതേ സമയം വി.ഖുര്‍ആനിന്റെ വിവരണങ്ങള്‍ യാഥാര്‍ത്ഥ്യവുമായി തികച്ചും പാരസ്പര്യം പ്രാപിക്കുന്നു.
  ആംഗല ഭാഷയിലെ കവികളും സാഹിത്യകാരന്മാരുമായിരുന്ന ജാഫ്‌റേചോസര്‍(1342-1400)വില്യംഷേക്സ്പിയര്‍(1564-1616)എന്നിവരുടെ രചനകള്‍ ഇന്നത്തെ ഒരു സാധാരണ ഇംഗ്ലീഷുക്കാരന് വായിക്കണമെങ്കില്‍ തര്‍ജ്ജമ ചെയ്തു കൊടുക്കേണ്ടിവരും. ഇതരഭാഷാ കൃതികള്‍ തര്‍ജ്ജമ ചെയ്യുന്നപോലെ തര്‍ജ്ജമ ചെയ്തിട്ടാണ് ചോസറുടെയും ഷേക്സ്പിയറുടെയും കൃതികള്‍ ഇംഗ്ലീഷ് സിലബസ്സില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കുന്നത്.
  എന്നാല്‍ അറബിഭാഷയുടെ അവസ്ഥ തികച്ചും വിഭിന്നമാണ്. കഴിഞ്ഞ 15 ശതകങ്ങളായി അറബിഭാഷ ഒരേരീതിയില്‍ നിലനില്‍ക്കുന്നു. അതിന്റെ പദങ്ങളിലും ശൈലികളിലും പുരോഗതിയുണ്ടായിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷെ, ഓരോ പദവും അതിന്റെ ആദിആശയം നിലനിര്‍ത്തിക്കൊണ്ടാണ് അത് സംഭവിച്ചത്‌. പൂര്‍വ്വകാലത്ത് ജീവിച്ച ഒരറബി വംശജന്‍ ഇന്ന് പുനര്‍ജനിച്ചു വന്നാല്‍ ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും സംസാരിച്ചത് പോലെതന്നെ സംസാരിക്കാനും മനസ്സിലാക്കാനും ഇന്നും അയാള്‍ക്ക്‌ പ്രയാസമുണ്ടാകില്ല.
  ഇത് ഖുര്‍ആനിന്റെ അമാനുഷികതയാണ്. വിശുദ്ധഖുര്‍ആനിന്നു അന്ത്യനാള്‍ വരെ നിലനില്‍ക്കാന്‍ വേണ്ടി അത് അറബിഭാഷയെ പിടിച്ചുവെച്ചിരിക്കയാണെന്നാണ് തോന്നുക. ക്ലാസിക്കല്‍സാഹിത്യത്തിന്റെ അലമാരിയിലേക്ക് ഉള്‍വലിയാതെ ജനങ്ങള്‍ക്കിടയില്‍ എന്നുമെന്നും വായിക്കപ്പെടാന്‍വേണ്ടി ഖുര്‍ആന്‍ അറബിഭാഷയെ ജീവത്തായി നിലനിര്‍ത്തിയിരിക്കയാണ്!
  അതുപോലെ, വിശുദ്ധഖുര്‍ആന്‍ ഒരു കാര്യത്തെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അവ്വിഷയകമായ ‘അവസാന’വാക്കായിരിക്കും. അത്തരത്തില്‍ വിജ്ഞാനങ്ങളെയും അത് പിടിച്ചുവെച്ചിരിക്കുന്നു! എത്ര ശാസ്ത്രീയ പുരോഗതിയുണ്ടായിട്ടും വിശുദ്ധഖുര്‍ആന്‍ അതിന്റെ ഒന്നാം തിയ്യതി പ്രസ്താവിച്ചിടത്തേക്കാണ്‌ കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നത്.
  മനുഷ്യവചനങ്ങള്‍ ചെറിയചെറിയ കാര്യങ്ങളില്‍പോലും യാഥാര്‍ത്ഥ്യത്തോട് പൂര്‍ണ്ണമായി പൊരുത്തപ്പെടാതിരിക്കുമ്പോള്‍തന്നെ വലിയ വലിയ കാര്യങ്ങളില്‍ പോലും ഖുര്‍ആനികവചനങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് പൂര്‍ണ്ണമായി പാരസ്പര്യം പ്രാപിക്കുന്നതായി നാം കാണുന്നു.
   ഒരുദാഹരണം പറയട്ടെ; അരിസ്റ്റോട്ടില്‍ തന്റെ സങ്കല്‍പസമൂഹത്തില്‍ സ്ത്രീക്ക് താഴ്ന്ന പദവിയാണ് നല്‍കിയത്‌. പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക്‌ പല്ലുകള്‍ കുറവാണെന്നായിരുന്നു അതിനു അയാള്‍ നല്‍കിയ ന്യായം. ബര്‍ട്രാന്ററസ്സല്‍ അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് ഇങ്ങനെ എഴുതുകയുണ്ടായി:
  “സ്ത്രീക്ക് പുരുഷനെ അപേക്ഷിച്ചു പല്ലുകള്‍ കുറവാണെന്നാണ് അരിസ്റ്റോട്ടില്‍ പറഞ്ഞത്‌. എന്നാല്‍; രണ്ടു തവണ വിവാഹം കഴിച്ചിട്ടും ഒരിക്കല്‍ പോലും ഭാര്യയുടെ വായ തുറന്നു അതൊന്നു പരിശോധിച്ചുനോക്കാന്‍ അയാള്‍ക്ക്‌ സാധിച്ചിട്ടില്ല.” (The impact of science on society:p:17)

‘ഇച്ഛിക്കുന്നതെന്തും പ്രവര്‍ത്തിക്കാന്‍ കഴിവുള്ള സര്‍വ്വാധിപനാണല്ലാഹു’ എന്ന് വി.ഖുര്‍ആന്‍ പറയുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ ദൈവസങ്കല്പം സര്‍വ്വാംഗീകൃതമായി നിലനില്‍ക്കുകയാണ്. എന്നാല്‍, ശാസ്ത്രീയപുരോഗതി കൈവന്നതോടെ മനുഷ്യന്‍: ‘സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ പ്രകൃത്യതീതമായ യാതൊരു കാരണവുമില്ലെന്നും എല്ലാം ഭൌതികമായ കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വാദിക്കാന്‍ മുതിര്‍ന്നു! എന്നാല്‍ ആധുനിക ശാസ്ത്രീയഗവേഷണങ്ങള്‍ അതിനെ മിഥ്യയായി തള്ളിയിരിക്കുകയാണ്. പഴയ നിലപാടിലേക്ക് തന്നെ തിരിച്ചു പോകാന്‍ ഇന്ന് ശാസ്ത്രം മനുഷ്യനെ പ്രേരിപ്പിക്കുകയാണ്.

0 comments: